മാലിന്യത്തിൽ മുങ്ങി മുക്കം നഗരസഭ

മാലിന്യത്തിൽ മുങ്ങി മുക്കം നഗരസഭ
Oct 11, 2021 02:51 PM | By Truevision Admin

കട്ടിപ്പാറ : മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്.) സെന്ററിന്റെ പ്രവർത്തനം നിലയ്ക്കുകയും സ്വകാര്യ ഏജൻസി മുഖേന മാലിന്യം കയറ്റി അയക്കുന്നത് നിർത്തുകയും ചെയ്തതോടെ മുക്കം നഗരസഭയിൽ മാലിന്യം കുന്നുകൂടുന്നു.

ശേഖരിക്കുന്നവരെയും കാത്ത് നഗരസഭാപരിധിയിലെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും മാലിന്യം കെട്ടിക്കിടക്കുകയാണ്.

നഗരസഭാപരിധിയിലെ വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്നത് നിലച്ചിട്ട് ഒരുവർഷത്തിലേറെയായി. വെള്ളപ്പൊക്കസാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് മാത്രമാണ് മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് മാലിന്യം ശേഖരിച്ചത്. വിറക് പുരയിലും വീടിന്റെ ഇറയിലുംമറ്റും മാലിന്യം ചാക്കുകളിലാക്കി ഹരിതകർമസേനാംഗങ്ങളെ കാത്തിരിക്കുകയാണെന്ന് നഗരസഭാവാസികൾ പറയുന്നു.

കെട്ടിക്കിടന്ന മാലിന്യം റോഡരികിൽ തളളാൻ തുടങ്ങിയതോടെ പൊതുസ്ഥലങ്ങളിലും കുന്നുകൂടി തുടങ്ങിയിട്ടുണ്ട്. മാലിന്യച്ചാക്കിലെ ഭക്ഷണാവശിഷ്ടങ്ങൾ തെരുവുനായകൾ വലിച്ച് കീറിയതോടെ രൂക്ഷമായ ദുർഗന്ധം തുടങ്ങിയതായി വ്യാപാരികൾ പറയുന്നു. കഴിഞ്ഞദിവസങ്ങളിൽ മലയോരമേഖലയിൽ പെയ്ത ശക്തമായ മഴയിൽ മാലിന്യം നനഞ്ഞതോടെ ദുർഗന്ധം ഇരട്ടിയായി. നിരത്തിലൂടെ മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ.

ദിവസേന നൂറ്ുകണക്കിന് ആളുകൾ എത്തിച്ചേരുന്ന നഗരസഭാ കാര്യാലയത്തിനും ബസ് സ്റ്റാൻഡിനും വില്ലേജ് ഓഫീസിനും സമീപത്താണ് പകർച്ചവ്യാധികൾ വഴിയൊരുക്കുംവിധം മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്.

അജൈവമാലിന്യങ്ങളെ ശാസ്ത്രീയമായി തരംതിരിക്കാനുള്ള സംവിധാനമാണ് എം.സി.എഫ്. ഇതിനുള്ള പ്ലാന്റിന് യോജിച്ചസ്ഥലം ലഭ്യമാകാത്തതിനെ തുടർന്ന് നഗരസഭാ കാര്യാലയത്തിന് മുകളിൽ പ്ലാന്റ് ആരംഭിക്കുകയായിരുന്നു. നഗരസഭാ കാര്യാലയത്തിന്റെ മൂന്നാംനിലയിൽ പ്രവർത്തിച്ചിരുന്ന എം.സി.എഫ്. സെന്ററിലേക്ക് ലിഫ്റ്റ് ഉപയോഗിച്ചാണ് മാലിന്യം കയറ്റിക്കൊണ്ടിരുന്നത്.

എന്നാൽ, നഗരമധ്യത്തിൽ യാതൊരു സുരക്ഷാസംവിധാനവും ഒരുക്കാതെ നിർമിച്ച പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെക്കാൻ അഗ്നിരക്ഷാസേന നിർദേശം നൽകുകയായിരുന്നു. സംസ്ഥാനത്തെ ആദ്യത്തെ റൂഫ് ടോപ്പ് മാതൃകയിലുള്ള എം.സി.എഫാണ് മുക്കത്തേതെന്നായിരുന്നു നഗരസഭാ അധികൃതരുടെ വാദം.

2020 ജനുവരിയിലാണ് എം.സി.എഫ്. സെൻറർ ഉദ്ഘാടനം ചെയ്തത്. കിലോഗ്രാമിന് 11.25 രൂപ നിരക്കിലാണ് ക്ലീൻകേരള കമ്പനി നഗരസഭയിൽനിന്ന് മാലിന്യം ശേഖരിച്ച് കയറ്റി അയച്ചുകൊണ്ടിരുന്നത്. കരാർ കാലാവധി കഴിഞ്ഞതോടെ ക്ലീൻകേരള കമ്പനി മാലിന്യം ശേഖരിക്കുന്നത് നിർത്തുകയായിരുന്നു. കിലോഗ്രാമിന് പതിനൊന്ന് രൂപയിലധികം നൽകി മാലിന്യം കയറ്റി അയക്കുന്നത് നഗരസഭയ്ക്ക് വലിയ സാമ്പത്തിക നഷ്ടമാണെന്നും ഇതുകൊണ്ടാണ് ഇവരുമായുള്ള കരാർ പുതുക്കാത്തതെന്നുമാണ് അധികൃതരുടെ വാദം.


lots of waste in mukkam muncipality

Next TV

Related Stories