താമരശ്ശേരി ചുരം റോഡ് അറ്റകുറ്റപ്പണിക്ക് സ്ഥിരം സംവിധാനമുണ്ടാക്കും

താമരശ്ശേരി ചുരം റോഡ് അറ്റകുറ്റപ്പണിക്ക് സ്ഥിരം സംവിധാനമുണ്ടാക്കും
Oct 12, 2021 02:19 PM | By Truevision Admin

നരിക്കുനി: താമരശ്ശേരി ചുരം റോഡിന്റെ സംരക്ഷണത്തിനും ഗതാഗതക്കുരുക്കിനും ശാശ്വതപരിഹാരമായി ടണൽറോഡ് നിർമാണം അത്യാവശ്യമെന്ന് ചുരംറോഡ് വികസന അവലോകനയോഗം. അനക്കാംപൊയിൽ-കള്ളാടി-മേപ്പാടി ടണൽ റോഡ്, മരുതിലാവ്-വൈത്തിരി-കൽപ്പറ്റ ടണൽ റോഡ് എന്നീ റോഡുകൾ ബദൽറോഡുകളെന്ന നിലയിൽ പരിഗണനയിലുണ്ടെന്ന് കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകനയോഗം വ്യക്തമാക്കി.

രണ്ട് ഭൂഗർഭപാതകളുടെ വിശദ പദ്ധതി രേഖ(ഡി.പി.ആർ.) തയ്യാറാക്കാൻ കൊങ്കൺറെയിൽവേ അധികൃതർ സന്നദ്ധരായിട്ടുണ്ടെന്നും പദ്ധതിക്കുള്ള പണം കിഫ്ബിയിൽ ഉൾപ്പെടുത്തി വകയിരുത്തുന്നതിന് ധനമന്ത്രി തത്ത്വത്തിൽ അംഗീകരിച്ചുണ്ടെന്നും യോഗത്തിൽ സംസാരിച്ച ജോർജ് എം. തോമസ് എം.എൽ.എ. അറിയിച്ചു.

നിർദിഷ്ട അനക്കാംപൊയിൽ-കള്ളാടി-മേപ്പാടി ടണൽ റോഡിന് ആറരക്കിലോമീറ്ററാണ് ദൈർഘ്യം. മരുതിലാവ് മുതൽ വൈത്തിരി വരെയുള്ള ടണൽ റോഡിന് ആറു കിലോമീറ്ററും കല്പറ്റ വരെയുള്ള ഭൂഗർഭപാതയ്ക്ക് പതിമ്മൂന്ന് കിലോമീറ്ററും ദൈർഘ്യമുണ്ടാവും. നിർദേശം പരിഗണിക്കപ്പെട്ടാൽ ഭൂഗർഭപാതകളുടെ വിശദപദ്ധതിരൂപരേഖ തയ്യാറാക്കി സർക്കാറിന് സമർപ്പിക്കും. പദ്ധതി യാഥാർഥ്യമാക്കുന്ന കാര്യത്തിൽ തുടർന്ന് സർക്കാർതലത്തിൽ അന്തിമതീരുമാനമെടുക്കും.

ടാറിങ്ങും ഒരു മാസത്തിനകം പൂർത്തിയാക്കും താമരശ്ശേരി ചുരം റോഡ് വികസനത്തിനായി മൂന്നാം തവണ ടെൻഡർ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറ്റകുറ്റപ്പണി നടത്തുന്നത്. കോൺക്രീറ്റിങ്ങും ടാറിങ്ങും ഒരു മാസത്തിനകം പൂർത്തിയാക്കും. ചുരം റോഡിൽ വലിയ വാഹനങ്ങൾ നിരോധിക്കണമെന്ന നിർദേശമാണ് പൊതുമരാമത്ത് വിഭാഗം മുന്നോട്ടുവെച്ചത്. അത് പ്രകാരം സ്കാനിയ ബസും ടോറസുകളും ട്രെയ്ലറുകളും ഉൾപ്പെടെയുള്ള മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് അറ്റകുറ്റപ്പണി കഴിയുന്നത് വരെ താത്കാലികനിയന്ത്രണം ഏർപ്പെടുത്തും. ലക്കിടിയിലെ സ്വകാര്യഭൂമിയിൽ ഫെബ്രുവരി ഒന്നു മുതൽ താത്കാലിക പാർക്കിങ് സൗകര്യം ഏർപ്പെടുത്തും.

ചുരം റോഡിലെ കുഴികൾ അതത് സമയത്തുതന്നെ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് അറ്റകുറ്റപ്പണിക്കുള്ള ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചു. റോഡരികിലെ ഓവുചാലുകൾ യഥാസമയം വൃത്തിയാക്കും. നാല്, ഒമ്പത് വളവുകളെപ്പോലെ ചുരത്തിലെ മറ്റെല്ലാ വളവുകളിലും ടൈൽ പാകണമെന്ന നിർദേശം പരിഗണിക്കുമെന്നും വനംവകുപ്പിന്റെ കൈവശമുള്ള വനഭൂമി വിട്ടുകിട്ടുന്ന മുറയ്ക്ക് ചുരംറോഡിന്റെ വീതി കൂട്ടൽ പ്രവൃത്തി ആരംഭിക്കുമെന്നും കോഴിക്കോട് ജില്ലാ കളക്ടർ യു.വി. ജോസ് അറിയിച്ചു.

യോഗത്തിൽ പി.ഡബ്ല്യു.ഡി. പ്രിൻസിപ്പൽ സെക്രട്ടറി ജി. കമലവർധന റാവു, കോഴിക്കോട് ഡി.എഫ്.ഒ. കെ.കെ. സുനിൽകുമാർ, വയനാട് എ.ഡി.എം. കെ.എം. രാജു, പി.ഡബ്ല്യു.ഡി. എൻ.എച്ച്. വിഭാഗം ചീഫ് എൻജിനീയർ പി.ജി. സുരേഷ്, സൂപ്രണ്ടിങ് എൻജിനീയർ ടി.എസ്. സിന്ധു, എക്സിക്യുട്ടീവ് എൻജിനീയർ വിനയരാജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

A permanent system will be set up for the Thamarassery Churam road

Next TV

Related Stories
News Roundup