കോവിഡ് വ്യാപനം: ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

By | Thursday July 22nd, 2021

SHARE NEWS

കോഴിക്കോട്: കോവിഡ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഡിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിലെത്തിയിരുന്നു.

ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലും സംസ്ഥാന തലത്തില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കോവിഡ് കണ്‍ട്രോള്‍ റൂം പുനരാരംഭിക്കണം.

കോവിഡ് പോസിറ്റീവായ വ്യക്തികളില്‍ വീടുകളില്‍ ക്വാറന്റയിന്‍ സൗകര്യമില്ലാത്ത എല്ലാവരേയും ഡൊമിസിലിയറി കെയര്‍ സെന്ററിലേക്ക് മാറ്റാനും കലക്ടര്‍ നിര്‍ദേശിച്ചു. ഡൊമിസിലിയറി കെയര്‍ സെന്റര്‍ സൗകര്യമില്ലാത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എത്രയും പെട്ടെന്ന് ആരംഭിക്കണം.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കും. പൊതുജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ കരുതണം. കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നവര്‍, ഹോട്ടല്‍ ജീവനക്കാര്‍, ടാക്സി ഡ്രൈവര്‍മാര്‍ എന്നിവര്‍ ആന്റിജന്‍ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന ഫലമോ വാക്സിനേഷന്‍ നടത്തിയ തെളിവുകളോ അന്വേഷണ ഉദ്യോഗസ്ഥരെ കാണിക്കണം. ഇത് പാലിക്കാത്ത കടകള്‍ അടപ്പിക്കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ വാര്‍ഡ് തലത്തില്‍ ആര്‍ആര്‍ടി വളണ്ടിയര്‍മാരുടെ സേവനം ശക്തിപ്പെടുത്താനും തീരുമാനിച്ചു.

വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്ന ആളുകള്‍ ക്വാറന്റീന്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കും. പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍, വീട്ടുകാര്‍ എന്നിവര്‍ ഹോം ക്വാറന്റൈന്‍ ലംഘിച്ചാല്‍ അവരെ സര്‍ക്കാര്‍ ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റിപ്പാര്‍പ്പിക്കും. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ ആന്റിജന്‍ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന ഫലമോ വാക്സിനേഷന്‍ നടത്തിയ വിവരമോ ബോധ്യപ്പെടുത്തണം.

പാളയം മാര്‍ക്കറ്റ്, പുതിയ ബസ് സ്റ്റാന്റ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ്, മിഠായി തെരുവ് എന്നിവിടങ്ങള്‍ ഫയര്‍ഫോഴ്സും കോര്‍പ്പറേഷനും പോലീസും സംയുക്തമായി അണുവിമുക്തമാക്കും. അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും യോഗത്തില്‍ തീരുമാനമായി.

ജില്ലാ പോലീസ് മേധാവി എ.വി.ജോര്‍ജ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എന്‍.റംല, ഡിപിഎം ഡോ.എ നവീന്‍, കോവിഡ് സെല്‍ നോഡല്‍ ഓഫീസര്‍ ഡോ.അനുരാധ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read