നിപ: കോഴിക്കോട് ജില്ലയില്‍ ഒരാഴ്ച നിര്‍ണ്ണായകമെന്ന് ആരോഗ്യമന്ത്രി

By | Sunday September 5th, 2021

SHARE NEWS

അതീവജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കോഴിക്കോട്:
കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച 12 വയസുകാരന്‍ മരണപ്പെട്ട സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയുന്നതില്‍ അടുത്ത ഒരാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്. അവിടെയുണ്ടായിരുന്ന രോഗികളെ മറ്റുവാര്‍ഡുകളിലേക്ക് മാറ്റി. ഹൈ റിസ്‌ക്ക് പട്ടികയിലുള്ള 18 പേരെ ഇവിടെ പ്രവേശിപ്പിച്ചു. പേ വാര്‍ഡ് ബ്ലോക്കില്‍ താഴെ നിലയില്‍ രോഗം സ്ഥിരീകരിക്കുന്നവരേയും മറ്റു രണ്ട് നിലകളില്‍ നിരീക്ഷണത്തിലുള്ളവരേയുമാണ് പ്രവേശിപ്പിക്കുക. ചാത്തമംഗലം പഞ്ചായത്തിലാണ് നിപ ബാധിച്ച കുട്ടിയുടെ വീട്. ഈ വീടിനടുത്ത പ്രദേശങ്ങളെ ഉള്‍പ്പെടുത്തി മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് കണ്ടെയിന്റ്മെന്റ് സോണാക്കി. സമീപ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലും മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ചികിത്സയുമായി ബന്ധപ്പെട്ട് ആവശ്യത്തിനനുസരിച്ചുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്.

നിരീക്ഷണത്തിലുള്ളവര്‍ക്കായി നാളെ (സെപ്റ്റം 6) വൈകുന്നേരത്തിനുള്ളില്‍ പോയിന്റ് ഓഫ് കെയര്‍ (ട്രൂനാറ്റ്) പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചു തന്നെ നടത്തും. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇതിനായി സംഘമെത്തി ലാബ് സജ്ജീകരിക്കും. പോയിന്റ് ഓഫ് കെയര്‍ പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്‍ഫേര്‍മേറ്റീവ് പരിശോധന നടത്തി 12 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാക്കാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇപ്പോള്‍ ഒരു പോസിറ്റീവ് കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ച ഉടന്‍തന്നെ ആരോഗ്യവകുപ്പ് അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു. വിവിധ കമ്മിറ്റികള്‍ ഈ അടിസ്ഥാനത്തില്‍ രൂപീകരിച്ചിട്ടുണ്ട്. വൈറസ് സ്ഥിരീകരിച്ച കുട്ടിയുമായി അടുത്ത സമ്പര്‍ക്കത്തില്‍പെട്ടവര്‍, ചികിത്സതേടിയ സ്വകാര്യ ക്ലിനിക്ക്, സ്വകാര്യ ആശുപത്രികള്‍, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ സമ്പര്‍ക്ക പട്ടിക തയ്യാറായിട്ടുണ്ട്. 188 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 18 പേര്‍ ഹൈ റിസ്‌ക് സമ്പര്‍ത്തിലുള്ളവരാണ്. ആരോഗ്യപ്രവര്‍ത്തകരായ രണ്ട് പേര്‍ക്കാണ് രോഗലക്ഷണങ്ങളുള്ളത്. ഒരാള്‍ മെഡിക്കല്‍ കോളജിലേയും മറ്റൊരാള്‍ സ്വകാര്യ ആശുപത്രിയിലേയും ജീവനക്കാരനാണ്.

കുട്ടിയുടെ റൂട്ട് മാപ്പുമായി ബന്ധപ്പെട്ട് ആരും വിട്ടുപോകാത്ത തരത്തിലുള്ള സമ്പര്‍ക്ക പട്ടികയാണ് ശേഖരിക്കുന്നത്. നിപ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പരിചയ സമ്പന്നരായ ആരോഗ്യപ്രവര്‍ത്തകരേയും ഉപയോഗപ്പെടുത്തും. ആശങ്ക വേണ്ട, അതീവജാഗ്രത കര്‍ശനമായും പാലിക്കണം. കേന്ദ്രസംഘമെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. അതോടൊപ്പം ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലയിലെത്തും. ന്യൂ ഡല്‍ഹി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അധികൃതരോട്
പുതിയ മോണോക്ലോണല്‍ ആന്റിബോഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളില്‍ ലഭ്യമാക്കുമെന്ന് മറുപടി ലഭിച്ചതായും മന്ത്രി അറിയിച്ചു.

യോഗത്തില്‍ എം.കെ രാഘവന്‍ എം.പി, പി.ടി.എ റഹീം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കലക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഢി, ഡി.സി.പി സ്വപ്നില്‍ എം മഹാജന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി, ആരോഗ്യ വകുപ്പ് അസി.ഡയറക്ടര്‍ ഡോ. വിദ്യ കെ.ആര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.നവീന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ ഓണ്‍ലൈനായി പങ്കെടുത്തു.

നിപ പ്രതിരോധം: സ്വകാര്യ ആശുപത്രി അധികൃതരുമായി മന്ത്രി ചര്‍ച്ച നടത്തി

നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് കൈക്കൊള്ളേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ് ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി മന്ത്രി ചര്‍ച്ച നടത്തി.
ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങള്‍ എന്നിവയുള്ളവരെ പ്രത്യേകം നിരീക്ഷിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. അസ്വാഭാവികമരണങ്ങളും ശ്രദ്ധിക്കണം. ഈ വിവരങ്ങള്‍ അപ്പപ്പോള്‍ത്തന്നെ ആരോഗ്യവകുപ്പിനെ അറിയിക്കണം. നിപയുടെ രോഗസുഷുപ്താവസ്ഥ ഏഴു ദിവസമാണെന്നാണ് കണക്കാക്കുന്നത്. ഈ ദിവസങ്ങള്‍ പ്രാധാന്യമുള്ളവയാണ്. നിപയുമായി ബന്ധപ്പെട്ട യാതൊരു ലക്ഷണങ്ങളും തള്ളിക്കളയരുത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒമ്പത് ഐസിയു ബെഡ്ഡുകള്‍ നിപ പരിചരണത്തിനായി സജ്ജമാക്കിക്കഴിഞ്ഞു. ഒരു വാര്‍ഡ് ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. ആവശ്യത്തിന് മരുന്നും അനുബന്ധ വസ്തുക്കളും ജില്ലയില്‍ സ്റ്റോക്കുണ്ടെന്ന് മന്ത്രി അറിയിച്ചു. കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്നും ജില്ലയിലെ ഫാര്‍മസികളിലേക്കാവശ്യമായ മരുന്ന് ലഭ്യമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബയോസേഫ്റ്റി ലെവല്‍ ലാബ് ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘം ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തും. മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ ക്ഷാമം ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

പിപിഇ കിറ്റ് ധരിക്കുന്നതില്‍ ശുചീകരണ തൊഴിലാളികള്‍ അടക്കമുള്ള എല്ലാ ജീവനക്കാര്‍ക്കും പരിശീലനം നല്‍കാന്‍ ആശുപത്രി അധികൃതരോട് മന്ത്രി ആവശ്യപ്പെട്ടു.

ജില്ലയിലെ മുഴുവന്‍ സ്വകാര്യ ആശുപത്രി പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ ടൂറിസം വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ്, ജില്ലാ കലക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഡി, നിപ സ്പെഷല്‍ ഓഫീസര്‍ മുഹമ്മദ് വൈ സഫീറുള്ള, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.നവീന്‍ എന്നിവര്‍ പങ്കെടുത്തു.

കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

ജില്ലയില്‍ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് നിപ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. 0495-2382500, 0495-2382800 നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് വിളിക്കാം.

മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുമെന്ന് മന്ത്രി

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിപ പ്രതിരോധവുമായി ബന്ധപ്പെട്ട ജീവനക്കാരുടെ ഒഴിവുകള്‍ ഉടന്‍ നികത്തുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ്. നിപ പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ച ശേഷം അവലോകനയോഗം നടത്തുകയായിരുന്നു മന്ത്രി.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒമ്പത് ഐസിയു ബെഡ്ഡുകള്‍ നിപ പരിചരണത്തിനായി സജ്ജമാക്കിക്കഴിഞ്ഞു. ഐസിയു ബെഡ്ഡുകളുടേയും വെന്റിലേറ്ററുകളുടേയും ലഭ്യത ഉറപ്പാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവരെ അടിയന്തരമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യം ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശിച്ചു. ഒരു വാര്‍ഡ് ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘം ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തും.

യോഗത്തില്‍ മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശിീന്ദ്രന്‍, ജില്ലാ കലക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഡി, നിപ സ്‌പെഷല്‍ ഓഫീസര്‍ മുഹമ്മദ് വൈ സഫീറുള്ള, ആരോഗ്യ വകുപ്പ് അസി.ഡയറക്ടര്‍ ഡോ. വിദ്യ കെ.ആര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.നവീന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.റംല ബീവി, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.എം.പി.ശ്രീജയന്‍, മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിധ വകുപ്പ് തലവന്മാര്‍, നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിവിധ കമ്മറ്റി ലീഡര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിപ- കേന്ദ്ര സംഘം ജില്ല സന്ദര്‍ശിച്ചു

ജില്ലയില്‍ നിപ മരണം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി അഡൈ്വസര്‍ ഡോ.പി.രവീന്ദ്രന്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അഡീ.ഡയറക്ടര്‍ കെ.രഘു എന്നിവരുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം ജില്ല സന്ദര്‍ശിച്ചു.

മരണപ്പെട്ട കുട്ടിയുടെ വീട്ടിലും പരിസരങ്ങളിലും ബന്ധുക്കള്‍ ചികിത്സ തേടിയ സ്ഥലങ്ങളിലും സംഘം സന്ദര്‍ശനം നടത്തി. കുട്ടി ചികിത്സ തേടിയിരുന്ന ക്ലിനിക്കിലും ആശുപത്രികളിലും സന്ദര്‍ശനം നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. തിരുവമ്പാടി മണ്ഡലം എംഎല്‍എ ലിന്റോ ജോസഫ്, പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവരുമായി സംഘം കൂടിക്കാഴ്ച നടത്തി.

മൃതദേഹം സംസ്‌ക്കരിച്ചു

നിപ വൈറസ് ബാധിച്ച് മരണപ്പെട്ട 12 വയസ്സുകാരന്റെ മൃതശരീരം കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ സംസ്‌ക്കരിച്ചു. അതീവ സുരക്ഷയിലായിരുന്നു സംസ്‌ക്കാരം. ചാത്തമംഗലം പള്ളൂര്‍ സ്വദേശിയായ12 വയസ്സുകാരനാണ് നിപ ബാധിച്ച് ചികിത്സയ്ക്കിടെ മരണമടഞ്ഞത്. ശനിയാഴ്ച രാത്രിയോടെ നിപ ബാധ സ്ഥിരീകരിച്ച 12 വയസുകാരന്‍ ഇന്ന് അതിരാവിലെയോടെയാണ് മരണമടയുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read