കൊടുവള്ളി നഗരസഭാ കൗണ്‍സിലറുടെ അയോഗ്യത: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

By | Tuesday October 20th, 2020

SHARE NEWS

കൊടുവള്ളി:

കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ കെ. ശിവദാസനെ അയോഗ്യനാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ശരിവച്ച വിധിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
റിവ്യു പെറ്റിഷന്‍ പരിഗണിച്ച കോടതി നവംബര്‍ അഞ്ചിന് വാദം കേള്‍ക്കും. അതുവരെ ശിവദാസന് തത് സ്ഥിതി തുടരാനാകും.
നഗരസഭാ കൗണ്‍സിലര്‍ ഇ.സി. മുഹമ്മദ് നല്‍കിയ പരാതിയിന്മേല്‍ കെ. ശിവദാസനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പ് അയോഗ്യനാക്കിയിരുന്നു. ആനുകൂല്യങ്ങള്‍ കൈപ്പറ്റരുതെന്നും വോട്ടിംഗില്‍ പങ്കെടുക്കരുതെന്നുമുള്ള വ്യവസ്ഥയോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്യുകയും കെ. ശിവദാസന്‍ നഗരസഭാ കൗണ്‍സിലറായി തുടര്‍ന്ന് വരികയുമായിരുന്നു. ഹൈക്കോടതി കഴിഞ്ഞമാസം 30നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം അംഗീകരിച്ച് വിധിപറഞ്ഞത്. അതിലാണ് ശിവദാസിന് അനുകൂലമായി ഒക്‌റ്റോബര്‍ 20ന് ഇടക്കാല ഉത്തരവുണ്ടാകുന്നത്.
കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ ഡിവിഷന്‍ 28 കൊടുവള്ളി ഈസ്റ്റില്‍ കോണ്‍ഗ്രസിന്റെ സി.എം. ഗോപാലനെതിരെ സ്വതന്ത്രനായായിരുന്നു കെ. ശിവദാസന്‍ മത്സരിച്ചിരുന്നത്. യു.ഡി.എഫിലെ അസ്വരസ്യങ്ങള്‍ കാരണം കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച സി.എം. ഗോപാലനെ പിന്തുണയ്ക്കുന്നതിന് പകരം മുസ്ലിംലീഗ് ഉള്‍പ്പെടെ കെ. ശിവദാസന് വേണ്ടിയായിരുന്നു പ്രവര്‍ത്തിച്ചതെന്നായിരുന്നു ആരോപണം.

തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് മുന്നണിയുടെ ഭാഗമാണെന്ന സത്യവാങ്മൂലം നല്‍കിയതാണ്
ശിവദാസന് വിനയായത്. മുന്നണിയുടെ ഭാഗമായല്ലാതെ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചയാള്‍ മുന്നണിയിലോ രാഷ്ട്രീയ പാര്‍ട്ടിയിലോ അംഗത്യമെടുത്താല്‍ മുനിസിപ്പാലിറ്റി ആക്ടിന്റെ കൂറുമാറ്റ നിരോധന സെക്ഷന്‍ 3 (1) സി വകുപ്പ് പ്രകാരം അയോഗ്യനാകുമെന്ന വ്യവസ്ഥയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കൗണ്‍സിലറായ ഇ.സി. മുഹമ്മദ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

നഗരസഭയിലെ ഡിവിഷന്‍ 12 ലെ പ്രതിനിധി വിമല ഹരിദാസനും ഹൈക്കോടതി സ്റ്റേയിലാണ് കൗണ്‍സിലറായി തുടര്‍ന്നുവരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കിയ ഇവരുടെ കേസിലും ഏതാനും ദിവസങ്ങള്‍ക്കകം ഹൈക്കോടതിയില്‍നിന്ന് ഉത്തരവുണ്ടാകും.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read