കൊടുവളളി: നഗരസഭയിലെ 19-ാം ഡിവിഷന് തലപ്പെരുമണ്ണ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പത്രിക നല്കി. 28നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
വ്യാഴാഴ്ച പകല്‍ 11 മണിയോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഷബ്ന നൗഫല്‍ ആണ് വരണാധികാരിയായ ജില്ലാ പട്ടികവികസന ഓഫീസര്‍ സി വിനോദ്കുമാര്‍ മുമ്പാകെ ആദ്യം പത്രിക സമര്‍പ്പിച്ചത്. എല്‍ഡിഎഫ് നേതാക്കളായ കെ ബാബു, വായോളി മുഹമ്മദ്, സി പി നാസര്‍കോയ തങ്ങള്‍, കെ സി എന്‍ അഹമ്മദ് കുട്ടി, ഒ ടി സുലൈമാന്‍, ഇ സി മുഹമ്മദ് എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.
യുഡിഎഫ് സ്ഥാനാര്‍ഥിയായി മുസ്ലിം ലീഗിലെ സറീന റഫീഖാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. പകല്‍ പന്ത്രണ്ടരയോടെ ലീഗ് ഓഫീസില്‍ നിന്ന് പ്രകടനമായെത്തിയാണ് സ്ഥാനാര്‍ഥി പത്രിക നല്‍കിയത്. മുന്‍ എംഎല്‍എ വി എം ഉമ്മര്‍ മാസ്റ്റര്‍,വി കെ അബ്ദുഹാജി, എ പി മജീദ് മാസ്റ്റര്‍, കെ കെ എ കാദര്‍, ഷെരീഫ കണ്ണാടിപ്പൊയില്‍ തുടങ്ങിയ നേതാക്കള്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. പത്രിക സമര്‍പ്പണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടു നിന്നത് ചര്‍ച്ചയായിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ തങ്ങളെ പരിഗണിച്ചില്ലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
തെരഞ്ഞടുപ്പ് കൊടുവള്ളിയില്‍ ഇരുമുന്നണികള്‍ക്കും നിര്‍ണായകമാണ്. സിറ്റിങ് സീറ്റും ഭരണവും നിലനിര്‍ത്താന്‍ യുഡിഎഫും സീറ്റും ഭരണവും പിടിച്ചെടുക്കാന്‍ എല്‍ഡിഎഫും കച്ചമുറുക്കുമ്പോള്‍ പോരാട്ടം തീപറക്കാനാണ് സാധ്യത.
മുസ്ലീംലീഗ് അംഗമായിരുന്ന റസിയ ഇബ്രാഹിം രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സിപിഐ എം നേതൃത്വം നല്കുന്ന അഴിമതി വിരുദ്ധ ജനപക്ഷ മുന്നണിയും യുഡിഎഫും തമ്മിലാണ് പ്രധാന മത്സരം.
1001 വോട്ടര്‍മാരുണ്ടായിരുന്ന ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ഷന് കമ്മീഷന് വോട്ടര്‍ പട്ടിക പുതുക്കിയതില്‍ 185 വോട്ടര്‍മാരെ പുതുതായി ചേര്‍ത്തു. 203 പേരെ പുറത്താക്കിയിട്ടുമുണ്ട്. മാര്‍ച്ച് ഒന്നിനാണ് വോട്ടെണ്ണല്‍.