കോഴിക്കോട്: ജില്ലയില്‍ ഡിസംബര്‍ അഞ്ച് മുതല്‍ 18 വരെ കുഷ്ഠരോഗ പരിശോധന നിര്‍ണയ ക്യാംപയിന് നടത്തും. ഇതോടനുബന്ധിച്ച് ജില്ലാ കലക്ടര്‍ യു.വി. ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാതല ഓര്‍ഗനൈസിങ് കമ്മിറ്റി രൂപീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.
പുരുഷ- സ്ത്രീ വളണ്ടിയര്‍മാര്‍ അടങ്ങുന്ന ഒരു ടീം ജില്ലയിലെ ഓരോ വീടുകളും സന്ദര്‍ശിച്ച് കുഷ്ഠരോഗ ബോധവത്കരണം നടത്തും. ഓരോ ടീമും ഗ്രാമങ്ങളില്‍ 20-25 വീടുകളും നഗരങ്ങളില്‍ 25-30 വീടുകളും സന്ദര്‍ശിക്കും. 2020 ആകുമ്പോഴേക്കും സംസ്ഥാനം കുഷ്ഠരോഗമുക്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
സംസ്ഥാനതലത്തില്‍ കുഷ്ഠരോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ ജില്ലയില്‍ 75 പേരാണ് ചികിത്സയിലുള്ളത്. 2018 മാത്രം 33 കേസുകളാണ് കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേര് കുട്ടികളാണ്. കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ. ശ്രീകുമാര്‍ മുകുന്ദന്, ഡോ. ആര് എസ് ഗോപകുമാര്‍, ഡിഇഎംഒ എം പി മണി, ജില്ലാ ആശാ കോ- ഓര്‍ഡിനേറ്റര്‍ പി സി ഷൈനു, ഡെപ്യൂട്ടി ഡിഇഎംഒ ഹംസ ഇസ്മയില്‍, ജെഡിഎംഒ ഡോ.വി ആര് ലതിക, സിഎംഒ ഡോ. ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.