കൊടുവള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റിന്റെ നേതൃത്വത്തില്‍ കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍മാര്‍, കൊടുവള്ളി പ്രസ്ക്ലബ്ബ് ഭാരവാഹികള്‍ എന്നിവര്‍ക്ക് സ്വീകരണവും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 36 കൗണ്‍സിലര്‍മാര്‍ക്കും കൊടുവള്ളി പ്രസ്ക്ലബ്ബ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട കെ. കെ. എ. ജബ്ബാര്‍ മാസ്റ്റര്‍, അഷ്റഫ് വാവാട്, സോജിത്ത് കൊടുവള്ളി എന്നിവരെയാണ് ഉപഹാരം നല്കി അനുമോദിച്ചത്.
വ്യാപാരികളുടെ മക്കളില്‍ നിന്നു എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ 20 കുട്ടികള്‍ക്കാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. കൊടുവള്ളി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും ‘യങ് ഇന്ത്യ സയന്റിസ്റ്റ്’ അവാര്‍ഡ് നേടിയ കൊടുവള്ളി യൂണിറ്റ് അംഗമായ മുഹമ്മദിന്റെ മകന് മുഹമ്മദ് അസീമിനെയും ചടങ്ങില്‍ ആദരിച്ചു.
കൊടുവള്ളി വ്യാപാരഭവനില്‍ നടന്ന പരിപാടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. ടി. എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ. നാരായണ്‍നായര്‍ കുട്ടികള്‍ക്കുള്ള അവാര്‍ഡ് ദാനം ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി എ. കെ. അബ്ദുല്ല അനുമോദന പ്രസംഗം നടത്തി. നഗരസഭയിലേക്കുള്ള നിവേദനം മണ്ഡലം വൈസ് പ്രസിഡണ്ട് ടി. കെ അത്തിയത് നഗരസഭ ചെയര്മാന് കൈമാറി.
മുനിസിപ്പല്‍ ചെയര്മാന് വെള്ളറ അബ്ദു, വൈസ് ചെയര്‍പേഴ്സണ്‍ കെ. എം സുഷിനി, കൗണ്‍സിലര്‍മാരായ കെ ബാബു, ശരീഫ കണ്ണാടിപ്പൊയില്‍, സി. പി. നാസര്‍കോയ തങ്ങള്‍, കെ. ശിവദാസന്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.കെ. എ. ജബ്ബാര്‍ മാസ്റ്റര്‍, സമിതി ജില്ലാ കമ്മിറ്റിയംഗം എം. അബ്ദുല്‍ഖാദര്‍, യൂണിറ്റ് ട്രഷറര്‍ എം.വി. വാസു, സെക്രട്ടറി എന്‍. പി. ലത്തീഫ് എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി ടി. പി. അര്‍ഷാദ് സ്വാഗതവും ടി സെയ്ത് നന്ദിയും പറഞ്ഞു.