ഇതര സംസ്ഥാന തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ച സംഭവം; രണ്ടു പേര്‍ പിടിയില്‍

By | Friday July 2nd, 2021

SHARE NEWS

കൊടുവള്ളി: ഫോണ്‍ കവര്‍ച്ചക്കിടെ ഇതര സംസ്ഥാന തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി. കാക്കൂര്‍ രാമല്ലൂര്‍ സ്വദേശികളായ മഞ്ഞളാംകണ്ടി മീത്തല്‍ ഷംനാസ് (23), കുന്നുമ്മല്‍താഴം സനു കൃഷണ (18) എന്നിവരെയാണ് വെളളിയാഴ്ച്ച വൈകീട്ട് കാക്കൂരില്‍ നിന്ന് കൊടുവള്ളി പൊലീസ് പിടികൂടിയത്. ബുധനാഴ്ച്ച വൈകീട്ട് ആറരയോടെ എളേറ്റില്‍വട്ടോളിയില്‍ ഇയ്യാട് റോഡിലായിരുന്നു സംഭവം. ബിഹാര്‍ സ്വദേശി അലി അക്ബറിനെയാണ് ഇരുവരും ബൈക്കില്‍ വലിച്ചിഴച്ചത്.

ബൈക്കിലെത്തിയ പ്രതികള്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന അലി അക്ബറിനോട് വിളിക്കാനായി അക്ബറിന്റെ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു. പിന്നിലുണ്ടായിരുന്നയാള്‍ ഫോണ്‍ വാങ്ങിയ ശേഷം നമ്പര്‍ ഡയല്‍ ചെയ്ത് സംസാരിക്കുന്നതായി ഭാവിക്കുകയും ഉടന്‍ തന്നെ ബൈക്ക് ഓടിച്ചു പോകുകയുമായിരുന്നു. ഈ സമയം ബൈക്ക് പിടിച്ചു നിര്‍ത്താന്‍ നോക്കിയ അലി അക്ബറിനെ റോഡിലൂടെ 200 മീറ്ററോളം വലിച്ചിഴച്ചു.

റോഡില്‍ വീണ അലി അക്ബര്‍ വീണ്ടും ബൈക്കിനെ പിന്തുടര്‍ന്നു. ഇതിനിടെ ബൈക്കിന് പിന്നിലുണ്ടായിരുന്നയാളും റോഡിലേക്ക് വീണു. ഇയാളെ അലി അക്ബര്‍ പിന്തുടര്‍ന്നെങ്കിലും രക്ഷപ്പെട്ടു. ഇയാളില്‍ നിന്ന് വീണ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ മറ്റ് കേസുകളില്‍ പ്രതികളാണോയെന്ന് പൊലിസ് അന്വേഷിക്കുകയാണ്.

എസ്‌ഐ അഭിലാഷ്, എഎസ്‌ഐ സജീവന്‍, എസ്പിഒമാരായ റഷീദ്, റഹിം നെരോത്ത്, ജയരാജന്‍, റഫിഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഇരുവരെയും നാളെ കോടതിയില്‍ ഹാജരാക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read