ആരോപണങ്ങളില്‍ ഭയന്ന് വികസന പദ്ധതികള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കില്ല; മുഖ്യമന്ത്രി

By | Thursday September 24th, 2020

SHARE NEWS

താമരശേരി: ആരോപണങ്ങളില്‍ ഭയന്ന് ജനങ്ങള്‍ക്ക് അനുഭവഭേദ്യമാകുന്ന വികസന പദ്ധതികള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായുള്ള 29 ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവിധ ജില്ലകളില്‍ 101 ഭവനസമുച്ചയങ്ങളുടെ നിര്‍മാണം അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ 12 ഫ്ളാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം വേഗത്തില്‍ പുരോഗമിക്കുകയാണ്. ഇടുക്കി അടിമാലിയില്‍ 217 അപ്പാര്‍ട്ട്മെന്റുകളുള്ള ഭവനസമുച്ചയം പൈലറ്റടിസ്ഥാനത്തില്‍ നിര്‍മിച്ച് അടിമാലി പഞ്ചായത്തിന് കൈമാറിയിട്ടുണ്ട്. അവിടെ 163 ഗുണഭോക്താക്കളാണ് താമസിക്കുന്നത്. മാത്രമല്ല, പ്രൈമറി ഹെല്‍ത്ത് സെന്റര്‍, അങ്കണവാടി, താമസക്കാര്‍ക്ക് ജീവനോപാധി സൗകര്യങ്ങള്‍ ഒക്കെ ആ സമുച്ചയത്തോടൊപ്പം ഒരുക്കിയിട്ടുണ്ട്. 1285 കുടുംബങ്ങള്‍ക്ക് പുതിയ ഭവനസമുച്ചയങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകും. വെറും വീടല്ല, താമസക്കാര്‍ക്ക് പുതു ജീവിതമാണ് പ്രദാനം ചെയ്യുന്നത്.

ലൈഫിന്റെ അപേക്ഷ സുതാര്യമായാണ് ക്ഷണിച്ചതും നടപടിക്കുറിപ്പുകളും പൂര്‍ത്തിയാക്കിയതും. എന്നാല്‍ ലൈഫിന്റെ മൂന്നുഘട്ടങ്ങളിലും ഉള്‍പ്പെടാതെ പോയവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ വീണ്ടും ഒരു അവസരം നല്‍കുന്നതിന് തീരുമാനിച്ചത്. സംസ്ഥാനത്ത് ലക്ഷ്യമിട്ട എല്ലാ വികസന പദ്ധതികളും കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും തടസം കൂടാതെ പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കിടയിലും സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ട്. ഖരമാലിന്യ മാനേജ്മെന്റ് പദ്ധതിയും കൃത്യമായി നടപ്പാക്കും. വികസനത്തിലും സേവനത്തിലും ഒട്ടും പിറകില്‍നില്‍ക്കാതെ മുന്നേറുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. പുതുപ്പാടി പഞ്ചായത്ത്ഹാളില്‍ നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ശിലാഫലകം അനാഛാദനം ചെയ്തു. പഞ്ചായത്തിന്റെ കീഴില്‍ എലോക്കരയിലുള്ള 1.75 ഏക്കര്‍ സ്ഥലത്ത് 7.02 കോടി ചെലവിലാണ് ഭവന സമുച്ചയം നിര്‍മ്മിക്കുന്നത്. ആദ്യഘട്ടമായി 5.58 കോടിയില്‍ നിര്‍മ്മിക്കുന്ന സമുച്ചയത്തില്‍ നാല് നിലകളിലായി 44 വീടുകളാണ് ഉള്‍ക്കൊള്ളുന്നത്. രണ്ടു കിടപ്പുമുറി, ഒരു ഹാള്‍, അടുക്കള, ശുചിമുറി എന്നീ സൗകര്യങ്ങളാണ് ഫ്‌ളാറ്റില്‍ ഒരുക്കുന്നത്. കൂടാതെ വയോജനങ്ങള്‍ക്കായി പ്രത്യേക മുറി, സിക്ക് റൂം, മലിനജല ശുദ്ധീകരണ പ്ലാന്റ്, സൗരോര്‍ജ സംവിധാനം എന്നിവയുമുണ്ടാകും.

ജോര്‍ജ് എം തോമസ് എംഎല്‍എ മുഖ്യാതിഥിയായി. പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി നടപ്പാക്കാന്‍ മികച്ച പ്രവര്‍ത്തനം നടത്തിയ വിഇഒ പി പി അബ്ദുല്‍ജലീലിനുള്ള മൊമന്റോ മന്ത്രി സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ രാകേഷ്, പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്മാരായ മുജീബ് മാക്കണ്ടി, ഐബി റെജി, എം ഇ ജലീല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, ജലീല്‍കോയ തങ്ങള്‍, അംബിക മംഗലത്ത്, പുതുപ്പാടി സഹകരണബാങ്ക് പ്രസിഡന്റ് കെ സി വേലായുധന്‍, ബിജു താന്നിക്കാക്കുഴി, ടി എം പൗലോസ്, ശിഹാബ് അടിവാരം, ഗഫൂര്‍ അമ്പുടു, സിദ്ധിഖ് കൈതപ്പൊയില്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

മാവൂര്‍ പൊന്‍പാറക്കുന്ന്, നടുവണ്ണൂര്‍ പഞ്ചായത്തിലെ മന്ദന്‍കാവ് എന്നിവിടങ്ങളിലെയും ലൈഫ് ഭവനസമുച്ചയങ്ങളും മുഖ്യന്ത്രി ഉദ്ഘാടനം ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read