കൊടുവള്ളി: പ്രേക്ഷക ശ്രദ്ധ നേടിയ മികവാര്‍ന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവെച്ച പ്രകടനത്തിലൂടെ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാനതല സര്‍ഗോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം മോണോആക്ട് മത്സരത്തില്‍ ഒന്നാംസ്ഥാനം നേടി നാടിന്റെ അഭിമാനമായിരിക്കുകയാണ് നിയതി താര. പ്രശസ്ത നോവലിസ്റ്റ് കെ.ആര് മീരയുടെ ‘ആരാച്ചാരി’ലെ കഥാപാത്രങ്ങള്‍ക്ക് ജീവന് പകര്‍ന്നാണ് എളേറ്റില്‍വട്ടോളി സ്വദേശിനിയായ ഈ മിടുക്കി മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്. എളേറ്റില്‍ ഗ്രാമീണവായനശാല ബാലവേദിയുടെ പ്രതിനിധിയായാണ് നിയതി താര മാറ്റുരച്ചത്.
ജില്ലാ സര്‍ഗോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം മോണോആക്ട് മത്സരത്തില്‍ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടിയാണ് ഈ മിടുക്കി സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയത്. നിരവധി നാടകങ്ങളിലും കലാജാഥകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന കലാകാരികൂടിയായ നിയതിതാര എളേറ്റില്‍വട്ടോളി എംജെ ഹയര്‍സെക്കണ്ടറി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയാണ്.
ദേശീയ അംഗീകാരം നേടിയ ‘നൊണ’യിലെ അഭിനേതാവായ ടി പി അനില്‍കുമാരിന്റെ മകളാണ് നിയതി താര. കലാരംഗത്ത് അച്ഛന്റെ പാത തുടരുന്ന ഈ കലാകാരിക്ക് ‘ആരാച്ചാരി’ലെ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയത് അച്ഛന്തന്നെയാണ്. തിങ്കളാഴ്ച പന്നൂര് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന കൊടുവള്ളി സബ്ജില്ലാ ശാസ്ത്രോത്സവത്തില്‍ ശാസ്ത്രനാടകത്തിലും മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടതും നിയതി താരയാണ്.