പിതാവിന്റെ പാതയില്‍ മക്കള്‍; ജനപ്രതിനിധികളായി സഹോദരങ്ങള്‍

By | Friday December 18th, 2020

SHARE NEWS

താമരശ്ശേരി;
വാര്‍ഡ് മെംബര്‍ മുതല്‍ എം.എല്‍.എ വരെയായ പിതാവിന്റെ പാതയിലേക്ക് വിജയിച്ച് സഹോദരങ്ങള്‍. ചേച്ചി കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ കൗണ്‍സിലറായപ്പോള്‍ അനിയന്‍ താമരശ്ശേരി പഞ്ചായത്ത് വാര്‍ഡ് മെംബറായി.
സിപിഎം നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന അന്തരിച്ച കെ. മൂസക്കുട്ടിയുടെ മക്കളായ കളത്തിങ്ങല്‍ ജമീലയും പി.സി. അബ്ദുല്‍ അസീസുമാണ് ഇത്തവണ ജനപ്രതിനിധികളായത്. കളത്തിങ്ങല്‍ ജമീല കൊടുവള്ളി മുന്‍സിപാലിറ്റിയിലെ സൗത്ത് കൊടുവള്ളി 24-ാം ഡിവിഷനില്‍ നിന്നും വിജയിച്ചപ്പോള്‍ പി.സി. അബ്ദുല്‍ അസീസ് താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡ് രാരോത്ത് നിന്നാണ് ജയിച്ചത്. ഇരുവരും ഇടതുപക്ഷസ്ഥാനാര്‍ത്ഥികളും സി.പി.എം. ഭാരവാഹികളുമാണ്.
ജനാധിപത്യമഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും
സി.പി.എം താമരശ്ശേരി ഏരിയാകമ്മിറ്റി അംഗവുമാണ് ജമീല. അബ്ദുല്‍ അസീസ് സിപിഎം താമരശ്ശേരി സൗത്ത് ലോക്കല്‍കമ്മിറ്റി സെക്രട്ടറിയും താമരശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ്.
കൊടുവള്ളി മുന്‍സിപ്പാലിറ്റി കൗണ്‍സിലറായ ജമീലയുടെ ആറാമത്തെ മത്സരമായിരുന്നു ഇത്. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ് 22 വോട്ടുകള്‍ക്കാണ് ജമീല തിരിച്ചുപിടിച്ചത്. അബ്ദുല്‍ അസീസ് ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ സി.പി.എമ്മിന്റെ സിറ്റിങ് വാര്‍ഡില്‍ 216 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നാലാമത്തെ പ്രസിഡന്റായിരുന്നു ഇവരുടെ പിതാവായ കെ. മൂസക്കുട്ടി. 1982ല്‍ ബേപ്പൂര്‍ എം.എല്‍.എയായ മൂസക്കുട്ടി രണ്ട് തവണ കൊടുവള്ളി നിയോജകമണ്ഡലത്തില്‍ മത്സരിച്ചിട്ടുമുണ്ട്. പിതാവിന്റെ അതേ പാതയിലാണ് ഇരുമക്കളും ഇപ്പോള്‍ മുന്നേറുന്നത്. നാല് വര്‍ഷം മുന്‍പ് 2016 ജനുവരി 22നാണ് കെ. മൂസക്കുട്ടി അന്തരിച്ചത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read