ഹൃദയം തൊട്ട ഗാനങ്ങള്‍; ആസ്വാദകരെ തനിച്ചാക്കി എസ്.പി.ബി. യാത്രയായി

By | Friday September 25th, 2020

SHARE NEWS

ചെന്നൈ: ഹൃദയം തൊട്ട ഗാനങ്ങള്‍ കൊണ്ട് ആസ്വാദകര്‍ നെഞ്ചേറ്റിയ എസ്.പി. ബാലസുബ്രഹ്മണ്യം ഇനിയില്ല. എണ്ണിയാലൊടുങ്ങാത്ത ജനപ്രിയ ഗാനങ്ങള്‍ ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയായത്. സംഗീതം പഠിക്കാതെയാണ് എല്ലാവരുടെ പ്രിയപ്പെട്ട ബാലു സംഗീതലോകം കീഴടക്കിയത്. ചെന്നൈ എംജിഎം ഹെല്‍ത്ത് കെയറില്‍ ചികില്‍സയിലായിരുന്ന എസ്.പി ബാലസുബ്രഹ്മണ്യം ഇന്ന് ഉച്ചക്ക് ഒരുമണിക്കാണ്മരണത്തിന് കീഴടങ്ങിയത്. 74 വയസായിരുന്നു.

ഓഗസ്ത് അഞ്ചിനാണ് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പേടിക്കേണ്ടതില്ലെന്നും എല്ലാം നിയന്ത്രണവിധേയമാണെന്നും അറിയിച്ച് ഗായകന്‍ തന്നെ ആശുപത്രിയില്‍ നിന്നുള്ള വീഡിയോ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. സ്ഥിതി വഷളായതിനെ തുടര്‍ന്ന് 14ന് വെന്റിലേറ്ററിലേക്ക് മാറ്റി.

അരനൂറ്റാണ്ടിലേറെ നീണ്ട സംഗീത തപസ്യയില്‍ പതിനാറ് ഭാഷകളിലായി 40,000ത്തിലധികം ഗാനങ്ങള്‍ പാടിയ എസ്പിബി നിരവധി റെക്കോഡുകളും തന്റേതാക്കി മാറ്റി. ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോഡ് ചെയ്ത പിന്നണി ഗായകനെന്ന ഗിന്നസ് റെക്കോഡാണ് അതില്‍ ഏറ്റവു പ്രധാനം.

ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ ഹരികഥാ കാലക്ഷേപ കലാകാരനായ എസ്.പി. സാംബമൂര്‍ത്തിയുടെയും ശകുന്തളമ്മയുടെയും മകനായി 1946 ജൂണ്‍ നാലിന് ജനനം. എസ് പി ബി യാദൃഛികമായാണ് സംഗീത ലോകത്തെത്തിയത്. എന്‍ഞ്ചിനീയറിങ് പഠിക്കുന്ന കാലത്ത് പാട്ടു മത്സരത്തില്‍ എസ് ജാനകിയുടെ ശ്രദ്ധയില്‍പ്പെട്ടു. അവരുടെ പ്രചോദനമാണ് സിനിമയിലേക്ക് വഴി തുറക്കുന്നത്.

1966 ഡിസംബര്‍ 15 നാണ് പിന്നണി ഗായകനായി അരങ്ങേറ്റം. എസ് പി കോദണ്ഡപാണിയുടെ ‘ശ്രീ ശ്രീ മര്യാദ രാമണ്ണ’ തെലുങ്കു സിനിമയില്‍ ഹരിഹരനാരായണോ, ഏമിയേ വിന്ത മോഹം എന്നീ ഗാനങ്ങള്‍ പാടി.’ കടല്‍പ്പാലം’ എന്ന സിനിമയില്‍ വയലാര്‍ എഴുതി ദേവരാജന്‍ സംഗീതം നല്‍കിയ’ഈ കടലും മറുകടലും’ എന്ന പാട്ടിലുടെ മലയാളത്തില്‍ അരങ്ങേറി. അനശ്വരം എന്ന ചിത്രത്തിലെ ഇളയരാജ സംഗീതം നല്‍കിയ ‘താരാപഥം ചേതോഹരം ‘ എന്ന അദ്ദേഹത്തിന്റെ മലയാള ഗാനം സൂപ്പര്‍ ഹിറ്റാണ്.

ഗായകനുള്ള ദേശീയ അവാര്‍ഡ് ആദ്യമായി ലഭിച്ചത് ശങ്കരാഭരണത്തിലെ പാട്ടുകളിലൂടെ. ആറു തവണ ദേശീയ പുരസ്‌കാരം തേടിയെത്തി. രാജ്യം 2011ല്‍ പത്മഭൂഷന്‍ നല്‍കി ആദരിച്ചു. മികച്ച അഭിനേതാവായും തിളങ്ങി. 72 സിനിമകളിള്‍ വേഷമിട്ടു.നൂറിലേറെ സിനിമകള്‍ക്ക് ഡബ്ബ് ചെയ്തു. 46 സിനിമകള്‍ക്ക് സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.

ഭാര്യ: സാവിത്രി. മക്കള്‍: പല്ലവി, എസ് പി ബി ചരണ്‍(ഗായകന്‍). ഗായിക എസ്. പി. ഷൈലജ ഉള്‍പ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാരുമുണ്ട്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read