മഴക്കാല പൂര്‍വ മുന്നൊരുക്കം; താമരശ്ശേരിയില്‍ ഐആര്‍എസ് യോഗം ചേര്‍ന്നു

By | Thursday June 3rd, 2021

SHARE NEWS

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക് എമര്‍ജന്‍സി ഓപറേറ്റിംഗ് സെന്റര്‍ ആരംഭിച്ചു

താമരശ്ശേരി: മഴക്കാല പൂര്‍വ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി താമരശ്ശേരി താലൂക്കില്‍ താലൂക്ക്തല ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം (ഐആര്‍എസ്) യോഗം ചേര്‍ന്നു. മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കില്‍ സ്വീകരിച്ച ക്രമീകരണങ്ങളും നടപടികളും തഹസില്‍ദാര്‍ പി ചന്ദ്രന്‍ വിശദീകരിച്ചു.

വില്ലേജ് ഓഫീസര്‍മാരുടെ യോഗം മൂന്നുതവണ ചേര്‍ന്നു. രണ്ടു ക്ലര്‍ക്കുമാരും ഒരു ഡ്രൈവറും ഒരു സമയം ഡ്യൂട്ടിയിലുണ്ടാകുന്ന തരത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക് എമര്‍ജന്‍സി ഓപറേറ്റിംഗ് സെന്റര്‍ ആരംഭിച്ചു. വില്ലേജ് തലത്തില്‍ ദുരന്തനിവാരണ പദ്ധതി തയ്യാറാക്കി. മുന്‍കാലങ്ങളില്‍ പ്രകൃതി ദുരന്തമുണ്ടായ താലൂക്കിലെ ഭൂപ്രകൃതിക്കും പ്രദേശങ്ങള്‍ക്കും അനുയോജ്യമായ തരത്തില്‍ പ്രാദേശിക കമ്മിറ്റികള്‍ രൂപീകരിച്ചു. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന മുറക്ക് കമ്മിറ്റി അംഗങ്ങള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും.

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച അറിയിപ്പുകളും മറ്റ് നിര്‍ദ്ദേശങ്ങളും ജനങ്ങളിലെത്തിക്കുന്നതിനായി പ്രാദേശികതലത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. അടിയന്തിര സാഹചര്യങ്ങളില്‍ വീടുകളില്‍ നിന്ന് ആളുകളെ മാറ്റിതാമസിപ്പിക്കുന്നതിനായി ക്യാമ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. താലൂക്ക്തലത്തില്‍ കോവിഡ് രോഗികള്‍ക്കായി 29 ഉം പൊതുവിഭാഗത്തിനായി 34 ഉം ഉള്‍പ്പെടെ 63 ദുരിതാശ്വാസ ക്യാമ്പുകള്‍ തയ്യാറായി വരികയാണ്. ദുരന്തങ്ങള്‍ നേരിടുന്നതിനായി തദ്ദേശ സ്്ഥാപനങ്ങളിലടക്കം പ്രാദേശികതലത്തില്‍ ഉപകരണങ്ങള്‍ തയ്യാറാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് മുന്നോടിയായി കൊവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. വീടുകളില്‍ നിന്ന് ക്യാമ്പുകളിലേക്ക് മാറ്റേണ്ടി വരുമ്പോള്‍ പെട്ടന്ന് തന്നെ കൂടുതല്‍ കൊവിഡ് ടെസ്റ്റ് നടത്തേണ്ടി വരും. ഇതിനായി ആന്റിജന്‍ ടെസ്റ്റിനുള്ള കൂടുതല്‍ കിറ്റുകള്‍ ആശുപത്രിയില്‍ സംഭരിക്കേണ്ടതുണ്ട്. ഇക്കാര്യം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി കൂടുതല്‍ കിറ്റുകള്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.

മഴക്കാലത്താകുന്ന സാംക്രമിക രോഗങ്ങളെ കുറിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭങ്ങള്‍ നേരിടുന്നതിന് അഗ്നി രക്ഷാസേനയും പൊലിസും സജ്ജമാണ്. അപകടവേളകളില്‍ ആംബുലന്‍സിന്റെയും മറ്റ് വാഹനങ്ങളുടെയും മണ്ണ്മാന്തി യന്ത്രങ്ങളുടെ സേവനവും ലഭ്യമാക്കുന്നതിനുമായി തയ്യാറാക്കിയ വാഹനങ്ങളുടെ പട്ടിക മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ തഹസില്‍ദാര്‍ക്ക് കൈമാറി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും തീരുമാനിച്ചു. ദുരന്തവേളകളില്‍ അടിയന്തിര ഇടപെടലുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുമായി താലൂക്ക്-വില്ലേജ് ഓഫീസ് തലങ്ങളിലെ ജീവനക്കാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കാനും തീരുമാനിച്ചു.

യോഗത്തില്‍ തഹസില്‍ദാര്‍ പി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. താമരശ്ശേരി പൊലിസ് ഇന്‍സ്‌പെക്ടര്‍ എം മുഹമ്മദ്ഹനീഫ, താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എം കേശവനുണ്ണി, കൊടുവള്ളി ബിഡിഒ ബിജിന്‍ പി ജേക്കബ്, കൊടുവള്ളി എംവിഐ എം ബി ഗിരീഷ്, മുക്കം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ പി ജയപ്രകാശന്‍, ജൂനിയര്‍ സൂപ്രണ്ടുമാരായ ആര്‍ എസ് ഫൈസല്‍, എ എം നിസാമുദ്ദീന്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് കെ സി സോജിത്ത് എന്നിവര്‍ പങ്കെടുത്തു. ഹെഡ്ക്വാട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ വി ശ്രീധരന്‍ സ്വാഗതം പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read